01:45pm 11 November 2026
NEWS
എൻവിഡിയ ചാരവിവാദം: കോടിക്കണക്കിന് ഡോളറിന്റെ എഐ ചിപ്പുകൾ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് റിപ്പോർട്ട്
11/11/2026  01:11 PM IST
nila
എൻവിഡിയ ചാരവിവാദം: കോടിക്കണക്കിന് ഡോളറിന്റെ എഐ ചിപ്പുകൾ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: ലോകത്തെ പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്ങുമായുള്ള വ്യക്തിബന്ധം ഉപയോഗിച്ച് കോടിക്കണക്കിന് ഡോളറിന്റെ എഐ ചിപ്പുകൾ ചൈനയിലേക്ക് എത്തിച്ചെന്ന ആരോപണവുമായി അന്വേഷണ റിപ്പോർട്ട്. ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ് എന്ന യുവതിയാണ് ഇതിന് പിന്നിലെന്നാണ് അമേരിക്കൻ മാധ്യമമായ 'ദി ഇൻഫർമേഷൻ' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

2023 മുതൽ ഏകദേശം 7.5 ബില്യൺ ഡോളർ (ഏകദേശം 62,000 കോടി രൂപ) മൂല്യമുള്ള എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ ചൈനീസ് കമ്പനികളുടെ സഹായത്തോടെ കടത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണം നിലനിൽക്കുന്ന 2.4 ലക്ഷത്തോളം എച്ച്100, എച്ച്200 ചിപ്പുകൾ ചൈനയിലെത്തിക്കാൻ ആലീസ് ഹുവാങ് ഇടപെട്ടതായും റിപ്പോർട്ട് ആരോപിക്കുന്നു.

ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ശൃംഖലയാണ് ചിപ്പുകൾ കൈമാറാൻ ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ പറയുന്നത്. ആലീസ് ഹുവാങ്, സഹോദരി, ഭർത്താവ് കാങ് വെയ് എന്നിവർ ചേർന്നാണ് ഈ കമ്പനികളുടെ ശൃംഖല നിയന്ത്രിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

2023 ജൂണിൽ ചൈനയിൽ പ്രവർത്തനം ആരംഭിച്ച ഷാങ്ഹായ് സെഞ്ച്വറി ലിറ്റോങ് ആയിരുന്നു ഈ ശൃംഖലയിലെ പ്രധാന കമ്പനി. അതേ വർഷം ഒക്ടോബറോടെ എൻവിഡിയയുടെ മുൻഗണനാ ക്ലൗഡ് പങ്കാളി പദവി നേടിയ ഈ സ്ഥാപനം വഴി ഏകദേശം 7.5 ബില്യൺ ഡോളറിന്റെ ചിപ്പുകൾ ചൈനയിലെത്തിയെന്നാണ് ആരോപണം.

സിംഗപ്പൂർ ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് സ്ഥാപനമായ മെഗാസ്പീഡ് ഇന്റർനാഷണലും ഇടപാടുകളിൽ പ്രധാന പങ്കുവഹിച്ചു. 2023 മുതൽ 2025 വരെ ഏകദേശം 4.6 ബില്യൺ ഡോളറിന്റെ എൻവിഡിയ ചിപ്പുകൾ ഈ കമ്പനി വഴി ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആലീസ് ഹുവാങ് കമ്പനിയിലെ നിയന്ത്രണാധികാരമുള്ള ഓഹരി ഉടമയായി. ഇതേ കാലയളവിൽ ഇന്തോനേഷ്യൻ ഉപകമ്പനിയുടെ ഡയറക്ടർ, മാനേജിങ് ഡയറക്ടർ എന്നീ ചുമതലകളും അവർ വഹിച്ചിരുന്നു.

ഗിഗാ കമ്പ്യൂട്ടിങ് ഉൾപ്പെടെയുള്ള വിതരണക്കാരിൽനിന്ന് 2024 മുതൽ 2026 വരെ എച്ച്100 പ്രോസസറുകൾ അടക്കമുള്ള ഹാർഡ്‌വെയറുകൾ ഇറക്കുമതി ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഇന്തോനേഷ്യയിലേക്ക് ചിപ്പുകൾ ഇറക്കുമതി ചെയ്യുന്നത് അമേരിക്കൻ കയറ്റുമതി നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമല്ലെങ്കിലും, അവ പിന്നീട് ചൈനയിലേക്ക് വഴിതിരിച്ചുവിടാനുള്ള സംവിധാനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ആരോപണം.

സ്പീഡ്മാട്രിക്‌സ് എന്ന കമ്പനി വഴിയും ഏകദേശം രണ്ട് ബില്യൺ ഡോളറിന്റെ എഐ ചിപ്പുകൾ ചൈനയിലെത്തിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആലീസ് ഹുവാങ് നേരത്തെ പങ്കാളിയും സീനിയർ എക്സിക്യൂട്ടീവുമായി പ്രവർത്തിച്ചിരുന്ന ഷാങ്ഹായ് ഹെക്‌സി ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റിനും ഈ ഇടപാടുകളിൽ പങ്കുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങുമായുള്ള അടുപ്പവും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വിചാറ്റിലൂടെ പങ്കുവെച്ചാണ് ആലീസ് ബിസിനസ് രംഗത്ത് വിശ്വാസ്യത നേടിയതെന്നാണ് റിപ്പോർട്ടിന്റെ മറ്റൊരു പ്രധാന പരാമർശം. ചിപ്പുകളുടെ ലഭ്യത ഉറപ്പാക്കാൻ ഈ ബന്ധം സഹായിച്ചിരുന്നുവെന്ന് ആലീസ് അവകാശപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

അതേസമയം, ആലീസ് ഹുവാങ്ങുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജെൻസൻ ഹുവാങ് സമ്മതിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img